Pages

Thursday, July 18, 2013

വീണ്ടും കർക്കിടകം


കർക്കിടകത്തിലെ കറുത്തമഴയിൽ 
ഇതളടർന്ന രാമായണത്തിൽ 
പതഞ്ഞു പൊങ്ങുന്ന
പഴമയുടെ ഗന്ധത്തിൽ 
സമൃദ്ധമാം സ്മൃതിയുടെ 
പഴംകോടിയുടുക്കുന്നു ഞാൻ.

നിലവിളക്കിൻ തിരിത്തുമ്പിലെ 
അണയാത്തനാളത്തെ 
മതിവരുവോളം തൊഴുത് 
 ദശപുഷ്പം ചൂടി 
പിറകോട്ടു നടക്കാനൊരു 
വല്ലാത്ത മോഹം. 
ചിരിച്ചുകൊണ്ടു ഝടുതിയിൽ 
രാമായണം വായിച്ചു തീർക്കുന്ന 
മുത്തച്ഛനെ കേൾക്കുവാൻ മോഹം.

കർക്കിടക പഷ്ണിയിൽ 
ഒരിറ്റു വറ്റിനു വേണ്ടി 
വഴക്കിട്ടു കരയുന്ന 
കാക്കകൂട്ടത്തിലെവിടെയോ
മക്കളെ വീണ്ടും കാണുവാൻ 
കണ്‍നിറക്കുന്നുണ്ടാവും 
പിതൃക്കൾ.  

തർപ്പണത്തിൽ പിതൃക്കളെ 
ഓർത്തുകൊണ്ടൊന്നു
ചൊല്ലട്ടെ ഞാൻ 
വീണ്ടും വരും 
കർക്കിടകവും കറുത്തമഴയും 
അപ്പോളാ പങ്കുചോറുമായ്‌ 
ഞാനിമഴയത്തു കാണും.

No comments:

Post a Comment