എന്നെപ്പറ്റി
നിനക്കെന്തറിയാം
പ്രാരാബ്ധ കാലത്തു നിന്നെ
ഞാനെത്തിപ്പിടിച്ചെൻറെ
നെഞ്ചോടു ചേർത്തു.
എന്റെ മെലിഞ്ഞുണങ്ങിയ
ശരീരശാസ്ത്രത്തിൽ
വരണ്ടപുഴ പോലൊഴുകിയ
വിയർപ്പൂട്ടി നിന്നെ ഞാൻ വളർത്തി.
തുളവീണ മേൽക്കൂരയിലൂടെ
തെളിഞ്ഞ ആകാശം നോക്കി
നിന്നെ ഞാൻ സ്വപ്നം
കാണാൻ പഠിപ്പിച്ചു
എന്നിട്ടും നീ
വളർന്നപ്പോൾ
എന്റെ ഉറക്കം തെളിഞ്ഞ
ആകാശം കണ്ടു കൊണ്ടായി.
എന്റെ മെലിഞ്ഞ
ദേഹം
നിന്റെ അന്തസ്സിനു
മാറ്റുകുറയ്ക്കുമ്പോൾ
എവിടെ ഞാൻ അഭയം തേടും
അപ്പോളും ഞാൻ നിന്റെ
നാളെയെപ്പറ്റി ഓർക്കുന്നു
വ്യാകുലപ്പെടുന്നു.