Pages

Tuesday, May 14, 2013

കാറ്റിന്റെ വഴികൾ

കാറ്റിന്റെ വഴികളൊരിക്കലും 
വിജനമായിരുന്നില്ല 
നിറയെ മരങ്ങളും പൂക്കളും 
പറവകളും മാനും മയിലും 
അംബരചുംബികളും 
കൊണ്ടു  നിറഞ്ഞിരുന്നു.

എന്നിട്ടും കാറ്റതിൻറെ വഴികളെ
വെറുതെ ഭയന്നു
തനിച്ചു പോകാൻ കഴിയാതെ 
പെരുമഴയെ കൂട്ടുപിടിച്ചു.
എന്നിട്ടു വല്ലാത്തൊരാവേശത്തോടെ 
ശാന്തമായ വഴികളിൽ 
അശാന്തിവിതച്ചു   
വ്യഥയും വിരഹവും കൊയ്തു.

കിതപ്പാറ്റി ശ്വാസമെടുത്ത് 
കാറ്റു പിൻതിരിഞ്ഞു  നോക്കി 
അങ്ങുദൂരെ കുഞ്ഞിക്കിളിയുടെ 
ഒഴിഞ്ഞകൂടും   തൂവലും 
പിന്നെയൊരുപാടു പ്രാണനും 
തന്നെ തനിക്കു നഷ്ടമായതറിഞ്ഞ്‌ 
കുഞ്ഞിളംകാറ്റു വെറുതേ വിതുംമ്പി.