Pages

Friday, June 14, 2013

പ്രതിനിധി

ഇന്നത്തെ ഇവരുടെ 
സൗഹൃദ ഭാഷണത്തിൽ 
പുതിയ ലിപ്സ്റ്റിക്കും 
പെഡിക്യുറും മാനിക്യുറും 
ഒക്കെയായിരുന്നു.
എവിടെയോ അതിനൊക്കെ 
ഡിസ്കൗണ്ട് ഉണ്ടെന്ന്‌...
 
എനിക്കു മനസ്സിലാകാത്ത 
ഇവരുടെ തമാശകളിൽ 
അതി വിദഗ്ധമായി ഞാൻ 
എന്റെ ചിരിഒളിപ്പിക്കും 
മൗനിയായ എന്റെ ചിന്തയിൽ 
വെളുപ്പും കറുപ്പും 
തമ്മിലുള്ള അന്തരം 
ഏറി വരും 
അതിലുംമാഴത്തിൽ പോയാൽ 
രാത്രിയുടെയും പകലിന്റെയും 
അന്തരം.
അവർ എന്നെ നോക്കി  
ഇങ്ങനെ ചിന്തിക്കുന്നു 
ഈ കറുത്ത പെണ്‍കുട്ടി 
മിതഭാഷി ആയിരിക്കും 
അല്ലെങ്കിൽ കോടി ജനത്തിന്റെ 
പ്രതിനിധി 
ചായം തേക്കാത്ത കറുത്ത 
ചളിപിടിച്ച കൈവിരലുകളുള്ള 
അമ്മമാരുടെ പ്രതിനിധി.
വീണ്ടും അവർ 
നായ്ക്കുട്ടിയെ പരിശീലിപ്പിക്കുന്ന 
സ്കൂളിനെ പറ്റി പറയുമ്പോൾ 
ഒരു കോടി ബാലവേലക്കാരുടെ 
രണ്ടുകോടി കണ്ണുകൾ 
എന്നെ ചൂഴ്ന്നു.