അഗ്നിച്ചുരുളുകള്‍ നൃത്തമാടുന്നു
തളര്‍ന്നു വീണ എന്‍റെ പാദത്തില്‍
നിന്നുമെന്നോ താളവും നൃത്തവും
അടര്‍ന്നുപോയിക്കഴിഞ്ഞിരിക്കുന്നു.
എന്‍റെ ചിലങ്കയിലെ മുത്തുകള്‍
നിന്‍റെ സംഗീതം ശ്രവിക്കാതെ
ക്ലാവ് പിടിച്ചടര്‍ന്നു പോകുന്നു
ചിലപ്പോഴൊക്കെ .....
വികൃതമാക്കപ്പെട്ട സ്വപ്‌നങ്ങള്‍
നിശബ്ദമായി ഒഴുകുന്ന കണ്ണുനീര്‍
പുഴുക്കുത്തേറ്റ നിഴലുകള്‍
എല്ലാമെന്‍റെ ഏകാന്തതയെ
തളര്‍ത്തിക്കളയുന്നു
ഇരുളും രാത്രിയുമറിയാതെ
ചുവരിലെ അരണ്ട വെളിച്ചം
മാത്രം കണ്ടു കൊണ്ടെത്ര നാള്‍ .
ഹോ .....
സുര്യനുദിക്കാതിരിക്കുകയും
ഇരുട്ടുമാത്രം പ്രതീക്ഷ നല്‍കുകയും
ചെയ്യുന്ന തണുത്ത നാളുകള്‍
വല്ലാതെ ഭയം തോന്നുന്നു..
നീ എന്നു വരും
നീ ഒരു നാള്‍ വരുമെന്ന്
ഇന്നലെ വന്നു പോയ ശലഭങ്ങള്‍
പറഞ്ഞു..
മരണത്തിനു മനോഹരമായ നിറമാണെന്നു
പോകുന്ന വഴികളെല്ലാം ഒരുപാടു
വര്‍ണ്ണ കാഴ്ചകള്‍ ഉണ്ടെന്നുമറിഞ്ഞു.
നീ വരണമിനിയെന്നിലേക്ക്
തളര്‍ന്ന എന്‍റെ മൂര്‍ധാവില്‍
നീ ഒന്നു ചുംബിച്ചിരുന്നുവെങ്കില്‍
തളര്‍ന്ന എന്‍റെ പാദത്തില്‍
നീ ഒന്നു തലോടിയെങ്കില്‍
എനിക്കുണരാമായിരുന്നു
മഞ്ഞപൂക്കള്‍ മാത്രമുള്ള
ആ പുതിയ ലോകത്തേക്ക്///.................