Pages

Wednesday, August 14, 2013

ചിന്തയുടെ ഭാരം

അധികാരത്തിന്റെ
കറുത്തപാട്ടുകേട്ട്
ഭാരതാംബയുടെ
ചെവിടു പൊടിഞ്ഞു
ഉന്മാദ രാഷ്ടീയക്കാരുടെ
അലിംഗനത്തിൽ
അവളുടെ ശ്വാസം നിലക്കാൻ
ഇനി അരനാഴിക നേരം മാത്രം

അഴുക്കുപുരണ്ട തെരുവുകളിൽ
പുറത്തു തൂക്കിയിട്ടിരിക്കുന്ന
തുളകളുള്ള അടിവസ്ത്രത്തിലൂടെ
ഇന്ത്യ ഇതാണെന്ന് സ്ഥാപിക്കുന്നു
ഒരു വെളുമ്പൻ ചാനൽ

സാരിത്തലപ്പുകൊണ്ട്
പാതി മുഖം മറച്ച്
തെരുവോരത്തിരുന്നു 
കുട്ടിക്കു മുലയൂട്ടുന്ന
മൂക്കുത്തിയിട്ട പാവം സ്ത്രീ
എന്തായിരിക്കും
അവളുടെ ചിന്തയിൽ ഭാരതം

വിശപ്പൊരവസ്ഥയാകുമ്പോൾ
വിശപ്പിനു വേണ്ടി
സ്ത്രീകൾ വേശ്യകളാവട്ടെ
കുട്ടികൾ വളരുമ്പോൾ
കള്ളന്മാരും കൊലപാതകികളും
ആവട്ടെ
അവർ സ്വന്തം അമ്മയെ
വിൽക്കുന്നവരായി തീരട്ടെ
ആർക്കെന്തു നഷ്ടം ?

മാനാഭിമാനമില്ലാത്ത
അധികാരികൾ ഉപയോഗിച്ച്
ഇസങ്ങളെല്ലാം ജീർണ്ണിച്ചിരിക്കുന്നു
ഇനി ആരു വരും മാതൃരാജ്യത്തെ
രക്ഷിക്കാൻ?
വരൂ രാക്ഷസൻമാരെ
ബലിഷ്ടമായ കൈകൾകൊണ്ട്
ഇവളെ അലിംഗനം ചെയ്യുക
അവളുടെ എല്ലുകൾ
നുറുക്കി കശക്കി എറിയുക
എന്നിട്ട് സ്വസ്ഥമായി ഉറങ്ങുക.

No comments:

Post a Comment