Pages

Saturday, March 9, 2013

ഇനി നീ തനിച്ചല്ല


ഇനി നീ തനിച്ചല്ല 
അവരുടെ വൈധവ്യത്തിന്‍റെ  
വ്യഥ നിറഞ്ഞൊഴികിയ സ്വനം 
എന്‍റെ ഹൃദയത്തെപ്പൊള്ളിച്ചു  
ആ കണ്ണുനീര്‍ത്തുള്ളി വീണൊരു 
നിമിഷമെന്‍  ചിന്തകള്‍ നിശ്ചലമായി.
പറയാനേറെയുണ്ടാ വിതുമ്പലില്‍
വാക്കുകള്‍ നോവോടെ പിന്‍വാങ്ങി
അവരില്‍ നിന്നവരിലേക്കുള്‍വലിഞ്ഞു .
കുഴിഞ്ഞ കണ്ണിനും കണ്ണുനീരിനും 
ഉടഞ്ഞു തൂങ്ങിയ മാറിടത്തിനും 
അധികമെന്തോ പറയുവാനുള്ളപോലെ 
ചിറകിന്നുതാഴെ നിന്നെന്നോ 
പറന്നു പോയ കുഞ്ഞുങ്ങളെ 
കുറിച്ചാകുമോ .....?
അതോ ഇലകൊഴിയും  
കാലത്തുതന്നെ തനിച്ചാക്കിപ്പോയ 
തന്‍റെ പാതിയെപ്പറ്റി
ഓര്‍ത്താകുമോ?
ആ വിതുമ്പലില്‍,പിറുപിറുക്കലില്‍ 
ഇത്രയും കേട്ടു ഞാന്‍ ...

ഞാന്‍ തനിച്ചാണ് വേയ്ക്കുമ്പോള്‍  
എന്നെയൊന്നു താങ്ങാന്‍ 
ഇനിവരും കര്‍ക്കിടക മാസത്തില്‍ 
തൊണ്ട വരണ്ടാല്‍ 
ആരു തരും ഒരിറ്റുവെള്ളം ?
അവരുടെ കണ്ണിലെ കണ്ണുനീര്‍ 
സൂഷ്മമെന്‍റെ  കണ്ണുഴിഞ്ഞു 

എനിക്കറിയാമാക്കണ്ണുനീര്‍ 
എന്‍റെ അന്നമെന്ന്
എന്തോ എനിക്കവരെയതി- 
ഗാഢമായി പുല്‍കി 
ഞാനുണ്ടു കൂടെയെന്നു  
പറയണമെന്നു തോന്നി 
അറിയാം എനിക്കതിന്നാവില്ല 
എനിക്കതിന്നനുവാദവുമില്ല.
മനസ്സില്‍ കരഞ്ഞു കൊണ്ടൊരു 
ചിരിവരുത്തി 
പലവട്ടം പറയുന്ന വാക്കുകള്‍ 
വീണ്ടും പറഞ്ഞു ഞാന്‍ 

അമ്മേ ഈ സൂര്യനസ്തമിക്കുമ്പോള്‍ 
ഇന്നത്തെ നിന്‍റെ ദുഃഖമസ്തമിക്കും 
അകലെയാ മഴവില്ലു കാണുമ്പോള്‍ 
ചിരിക്കണം പിന്നെ ചിന്തിക്കണം 
ഉള്‍ക്കരുത്തോടെ ..
അകലെപ്പറക്കുന്ന പക്ഷിയും 
വിരിയുന്ന പൂക്കളും 
തകൃതിയായിപ്പെയ്യുന്ന മഴയും 
നിറയുന്ന പുഴയും 
എല്ലാം നിനക്കുണ്ടു കൂട്ടിന്‌ 

ഇനി നീ തനിച്ചല്ല  
ചിരിക്കണം ആകാശംനോക്കി 
കണ്ണുകള്‍ പലവുരുച്ചിമ്മിത്തുറക്കണം 
 ആകാശതാരങ്ങളെ കണ്ട്.

അവരുടെ മിഴിയിലെച്ചിരിയില്‍ 
ഏതോവേഷപ്പകര്‍ച്ചകള്‍
ഒരു ഉണര്‍വോ ഉര്‍ജ്ജമോ 
വീണ്ടും കാണാമെന്നുന്നുരച്ചു 
പുറത്തേക്കവര്‍ നടക്കുമ്പോള്‍ 
എന്‍റെ മനസിന്‍റെയിടനാഴിയില്‍  
എന്നോ പൂത്ത് 
ഇലകളും പൂക്കളും 
മരിച്ച് ചില്ലകള്‍ 
ചില്ലകള്‍ ഉണങ്ങിത്തീര്‍ന്ന 
ഒരു വയസ്സന്‍ മരം 
വീണ്ടും തളിര്‍ത്ത പോലെ.  



No comments:

Post a Comment