Pages

Wednesday, August 14, 2013

ചിന്തയുടെ ഭാരം

അധികാരത്തിന്റെ
കറുത്തപാട്ടുകേട്ട്
ഭാരതാംബയുടെ
ചെവിടു പൊടിഞ്ഞു
ഉന്മാദ രാഷ്ടീയക്കാരുടെ
അലിംഗനത്തിൽ
അവളുടെ ശ്വാസം നിലക്കാൻ
ഇനി അരനാഴിക നേരം മാത്രം

അഴുക്കുപുരണ്ട തെരുവുകളിൽ
പുറത്തു തൂക്കിയിട്ടിരിക്കുന്ന
തുളകളുള്ള അടിവസ്ത്രത്തിലൂടെ
ഇന്ത്യ ഇതാണെന്ന് സ്ഥാപിക്കുന്നു
ഒരു വെളുമ്പൻ ചാനൽ

സാരിത്തലപ്പുകൊണ്ട്
പാതി മുഖം മറച്ച്
തെരുവോരത്തിരുന്നു 
കുട്ടിക്കു മുലയൂട്ടുന്ന
മൂക്കുത്തിയിട്ട പാവം സ്ത്രീ
എന്തായിരിക്കും
അവളുടെ ചിന്തയിൽ ഭാരതം

വിശപ്പൊരവസ്ഥയാകുമ്പോൾ
വിശപ്പിനു വേണ്ടി
സ്ത്രീകൾ വേശ്യകളാവട്ടെ
കുട്ടികൾ വളരുമ്പോൾ
കള്ളന്മാരും കൊലപാതകികളും
ആവട്ടെ
അവർ സ്വന്തം അമ്മയെ
വിൽക്കുന്നവരായി തീരട്ടെ
ആർക്കെന്തു നഷ്ടം ?

മാനാഭിമാനമില്ലാത്ത
അധികാരികൾ ഉപയോഗിച്ച്
ഇസങ്ങളെല്ലാം ജീർണ്ണിച്ചിരിക്കുന്നു
ഇനി ആരു വരും മാതൃരാജ്യത്തെ
രക്ഷിക്കാൻ?
വരൂ രാക്ഷസൻമാരെ
ബലിഷ്ടമായ കൈകൾകൊണ്ട്
ഇവളെ അലിംഗനം ചെയ്യുക
അവളുടെ എല്ലുകൾ
നുറുക്കി കശക്കി എറിയുക
എന്നിട്ട് സ്വസ്ഥമായി ഉറങ്ങുക.

Thursday, July 18, 2013

വീണ്ടും കർക്കിടകം


കർക്കിടകത്തിലെ കറുത്തമഴയിൽ 
ഇതളടർന്ന രാമായണത്തിൽ 
പതഞ്ഞു പൊങ്ങുന്ന
പഴമയുടെ ഗന്ധത്തിൽ 
സമൃദ്ധമാം സ്മൃതിയുടെ 
പഴംകോടിയുടുക്കുന്നു ഞാൻ.

നിലവിളക്കിൻ തിരിത്തുമ്പിലെ 
അണയാത്തനാളത്തെ 
മതിവരുവോളം തൊഴുത് 
 ദശപുഷ്പം ചൂടി 
പിറകോട്ടു നടക്കാനൊരു 
വല്ലാത്ത മോഹം. 
ചിരിച്ചുകൊണ്ടു ഝടുതിയിൽ 
രാമായണം വായിച്ചു തീർക്കുന്ന 
മുത്തച്ഛനെ കേൾക്കുവാൻ മോഹം.

കർക്കിടക പഷ്ണിയിൽ 
ഒരിറ്റു വറ്റിനു വേണ്ടി 
വഴക്കിട്ടു കരയുന്ന 
കാക്കകൂട്ടത്തിലെവിടെയോ
മക്കളെ വീണ്ടും കാണുവാൻ 
കണ്‍നിറക്കുന്നുണ്ടാവും 
പിതൃക്കൾ.  

തർപ്പണത്തിൽ പിതൃക്കളെ 
ഓർത്തുകൊണ്ടൊന്നു
ചൊല്ലട്ടെ ഞാൻ 
വീണ്ടും വരും 
കർക്കിടകവും കറുത്തമഴയും 
അപ്പോളാ പങ്കുചോറുമായ്‌ 
ഞാനിമഴയത്തു കാണും.

Monday, July 15, 2013

പാതി എവിടെ ?



ഞങ്ങൾ ആ മഴ ഒരുമിച്ചുനനഞ്ഞു 
ഭൂമിയിലെ മണ്ണിന്റെ പശിമയിൽ 
ആ ഇളം തണുപ്പിൽ ഉല്ലസിച്ചു 
രൂപമില്ലാത്ത ജീവാണുക്കളായിരുന്നു 
അന്നു ഞങ്ങൾ.
ചൂടും തണുപ്പും ഭൂപാളരാഗവുമേറ്റ് 
ആണെന്നോ പെണ്ണെന്നോ 
അറിയാതെ ഇഴുകി ചേർന്ന് ജീവിച്ചു.

പെട്ടന്നൊരിക്കൽ ഞാനൊരു വിത്തായി
ഈശ്വരന്റെ കൈയിലൂടെ ഊർന്നിറങ്ങി
എനിക്കെന്റെ പാതിയേ വേണം
ഞാൻ ഈശ്വരനോടു കലഹിച്ചു
പിരിയാൻ വയ്യാ എന്നു പറഞ്ഞു കരഞ്ഞു.
നീ പൊയ്ക്കോളൂ നിനക്കു പിൻപേ
നിന്നെ തേടി നിന്റെ പാതി വന്നോളും
ഈശ്വരന്റെ സാന്നിധ്യത്തിൽ
ആ ജീവാണുക്കൾ പിരിഞ്ഞു..

പക്ഷേ, ഇതു വരെ അവർ കണ്ടുമുട്ടിയിട്ടില്ല
അനന്തമയാ ഈ ലോകത്ത്
ഓരോ നിശ്വാസത്തിലും
ഓരോ ഊർവരതകളിലും
ഓരോ ഊഷരതകളിലും
അവർ പരസ്പരം തേടി നടക്കുന്നു.

Friday, June 14, 2013

പ്രതിനിധി

ഇന്നത്തെ ഇവരുടെ 
സൗഹൃദ ഭാഷണത്തിൽ 
പുതിയ ലിപ്സ്റ്റിക്കും 
പെഡിക്യുറും മാനിക്യുറും 
ഒക്കെയായിരുന്നു.
എവിടെയോ അതിനൊക്കെ 
ഡിസ്കൗണ്ട് ഉണ്ടെന്ന്‌...
 
എനിക്കു മനസ്സിലാകാത്ത 
ഇവരുടെ തമാശകളിൽ 
അതി വിദഗ്ധമായി ഞാൻ 
എന്റെ ചിരിഒളിപ്പിക്കും 
മൗനിയായ എന്റെ ചിന്തയിൽ 
വെളുപ്പും കറുപ്പും 
തമ്മിലുള്ള അന്തരം 
ഏറി വരും 
അതിലുംമാഴത്തിൽ പോയാൽ 
രാത്രിയുടെയും പകലിന്റെയും 
അന്തരം.
അവർ എന്നെ നോക്കി  
ഇങ്ങനെ ചിന്തിക്കുന്നു 
ഈ കറുത്ത പെണ്‍കുട്ടി 
മിതഭാഷി ആയിരിക്കും 
അല്ലെങ്കിൽ കോടി ജനത്തിന്റെ 
പ്രതിനിധി 
ചായം തേക്കാത്ത കറുത്ത 
ചളിപിടിച്ച കൈവിരലുകളുള്ള 
അമ്മമാരുടെ പ്രതിനിധി.
വീണ്ടും അവർ 
നായ്ക്കുട്ടിയെ പരിശീലിപ്പിക്കുന്ന 
സ്കൂളിനെ പറ്റി പറയുമ്പോൾ 
ഒരു കോടി ബാലവേലക്കാരുടെ 
രണ്ടുകോടി കണ്ണുകൾ 
എന്നെ ചൂഴ്ന്നു.

Tuesday, June 4, 2013

ദരിദ്രൻ

                                നമ്മളിലാരാണ് ദരിദ്രന്‍
                                മൃഷ്ടാന്നഭോജനം നടത്തി
                                ആഭാസ നാവുകൊണ്ടായിരം
                                നടക്കാ വാഗ്ദാനമേകി
                                അരവയര്‍ ഭക്ഷിക്കുന്നവന്റെ
                                ഉടുമുണ്ടില്‍ കുത്തിപ്പിടിച്ചവനോട്
                                രാഷ്ട്രീയവിസര്‍ജ്യം മാറി മാറി
                                വിളമ്പി ഇല്ലാത്തവന്റെ
                                കണ്ണുനീരിന്റെ ഉപ്പളക്കുന്നവനല്ലേ
                                യഥാര്‍ത്ഥ ദരിദ്രന്‍ ?
                                ഒട്ടിയ വയറിന്റെ മടക്കിലൂടൊഴുകിയ
                                വിയര്‍പ്പില്‍, അതിന്റെ ഉപ്പില്‍
                                മക്കളെ ഊട്ടിയുറക്കി
                                അവന്റെ  ചെറുകൂരയില്‍
                                സ്‌നേഹം പിറക്കുമ്പോള്‍ ,
                                പാതിവയര്‍ വിശപ്പിലാളുമ്പോള്‍ ,
                                സൗമ്യനായിച്ചിരിക്കുന്ന
                                ഇവനാണോ ദരിദ്രന്‍ ?
                                പഴയകഥയിലെ സൂത്രക്കാരന്‍
                                കുറുക്കനെപ്പോല്‍
                                തമ്മിലടിപ്പിച്ചും
                                കൊന്നും കൊലവിളിച്ചും
                                പെണ്ണിന്റെ മേനിയളന്നും
                                കുഞ്ഞുങ്ങളില്‍ കാമംതീര്‍ത്തും
                                പനപോലെവളരുന്ന നീയല്ലേ ദരിദ്രന്‍ ..!
                                                                   Benila Ambika

Friday, May 24, 2013

വാക്കുകൾ

ചിന്തകൾക്കു തീ പിടിച്ചപ്പോൾ 
വാക്കുകൾ പുറത്തേക്കു ചാടി 
പലവക വാക്കുകൾ 
അരിശംതുള്ളികൾ 
വാത്സല്യംനിറഞ്ഞവ
പ്രണയം നിറഞ്ഞവ 
ചീത്തകൾ
നുണകൾ 
കുശുമ്പുകൾ 
വാക്കുകൊണ്ട് 
ജീവൻ കൊടുക്കാം 
ജീവനെടുക്കാം .

Tuesday, May 14, 2013

കാറ്റിന്റെ വഴികൾ

കാറ്റിന്റെ വഴികളൊരിക്കലും 
വിജനമായിരുന്നില്ല 
നിറയെ മരങ്ങളും പൂക്കളും 
പറവകളും മാനും മയിലും 
അംബരചുംബികളും 
കൊണ്ടു  നിറഞ്ഞിരുന്നു.

എന്നിട്ടും കാറ്റതിൻറെ വഴികളെ
വെറുതെ ഭയന്നു
തനിച്ചു പോകാൻ കഴിയാതെ 
പെരുമഴയെ കൂട്ടുപിടിച്ചു.
എന്നിട്ടു വല്ലാത്തൊരാവേശത്തോടെ 
ശാന്തമായ വഴികളിൽ 
അശാന്തിവിതച്ചു   
വ്യഥയും വിരഹവും കൊയ്തു.

കിതപ്പാറ്റി ശ്വാസമെടുത്ത് 
കാറ്റു പിൻതിരിഞ്ഞു  നോക്കി 
അങ്ങുദൂരെ കുഞ്ഞിക്കിളിയുടെ 
ഒഴിഞ്ഞകൂടും   തൂവലും 
പിന്നെയൊരുപാടു പ്രാണനും 
തന്നെ തനിക്കു നഷ്ടമായതറിഞ്ഞ്‌ 
കുഞ്ഞിളംകാറ്റു വെറുതേ വിതുംമ്പി.